കൊൽക്കത്ത: പശ്ചിംബംഗാളിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാലാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ ഒടിഞ്ഞ നിലയിലെന്ന് ബന്ധു. കുട്ടിയെ കാണാതായ വിവരം പൊലീസിൽ അറിയിച്ചിരുന്നുവെന്നും പരാതി പൊലീസ് നിരസിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം നദിക്കരയിൽ നിന്നും ലഭിച്ചതിന് പിന്നാലെ കുടുംബവും പ്രദേശവാസികളും ചേർന്ന് പൊലീസ് ക്യാമ്പിന് തീയിടുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു.കൊൽക്കത്തയിലെ ജോയ്നഗർ പൊലീസ് സ്റ്റേ,ഷൻ പരിധിയിലെ മഹിഷ്മാരിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങുകയായിരുന്നു.
കുട്ടിയുടെ പിതാവ് പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ കുടുംബം പ്രദേശത്തെ പൊലീസ് ക്യാമ്പിലെത്തി പരാതി നൽകി. എന്നാൽ പരാതി സ്വീകരിക്കില്ലെന്നും സ്റ്റേഷനിലെത്തി പരാതി നൽകണമെന്നുമായിരുന്നു ക്യാമ്പിൽ നിന്നുള്ള പ്രതികരണം.
ഇതോടെ സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധുവിനെ ഉദ്ധരിച്ച് ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ബന്ധു വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരു മാസത്തിലേറെയായി പ്രതിഷേധം ശക്തമായി മുന്നേറുന്നതിനിടെയാണ് സംഭവം. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.