രാജ്യത്തിന് പുറത്തേക്ക് സ്വാധീനം വളർത്താനുള്ള അമൂലിന്റെ നീക്കങ്ങൾ വിജയം കാണുന്നതായി മാനേജിങ് ഡയറക്ടർ ജയൻ മേത്ത. അമേരിക്കൻ വിപണിയിൽ തങ്ങളുടെ പരീക്ഷണം വൻ വിജയമാണെന്നും ഇനി യൂറോപ്യൻ വിപണിയിലേക്ക് പോകാനാണ് ലക്ഷ്യമിടുന്നതെന്നും ഗുജറാത്ത് കോ-ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ കൂടി മാനേജിങ് ഡയറക്ടറായ അദ്ദേഹം പറഞ്ഞു.

ഡോ വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏറ്റവും വലിയ ക്ഷീരോൽപ്പാദക രാജ്യമായ ഇന്ത്യ, ആഗോള വിപണിയുടെ 30 ശതമാനം പാലും ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരോൽപ്പാദനം ഗ്രാമീണ ഇന്ത്യയിൽ ബിസിനസല്ലെന്നും മറിച്ച് ജീവവായുവാണെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ സജീവമായി നിൽക്കാനും ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിലൂടെ മുന്നോട്ട് പോകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് എന്തെങ്കിലും സമ്മാനം ഇന്ത്യക്ക് നൽകാനുണ്ടെങ്കിൽ ഡോ വർഗീസ് കുര്യൻ കാട്ടിത്തന്ന സഹകരണ പ്രവർത്തന സമ്പ്രദായമാണത്. സഹകരണ പ്രസ്ഥാനങ്ങളിൽ അദ്ദേഹം പുലർത്തിയ വിശ്വാസം ഇന്ത്യയിൽ ഒരു പുതുവിപ്ലവമായി മാറിയെന്നും ഡോ വർഗീസ് കുര്യനെ അനുസ്മരിച്ച് ജയൻ മേത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *