ഈയിടെയാണ് തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ ഉള്ളതായി ബോളിവുഡ് താരം ആലിയ ഭട്ട് തുറന്നുപറഞ്ഞത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ട് തനിക്ക് ഒരിടത്തും കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ല. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് എന്നുമാണ് അവർ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ആലിയ.
താൻ മറ്റുചിന്തകളിലേക്കൊന്നുംപോകാതെ ഉണർന്നിരിക്കുന്നത് ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോഴും മകൾ റാഹയ്ക്കൊപ്പം ചിലവിടുമ്പോഴുമാണെന്ന് ആലിയ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടിക്കാലത്ത് ക്ലാസ്റൂമിലായാലും ആരെങ്കിലുമൊക്കെയായി സംസാരിക്കുമ്പോഴായാലും പെട്ടന്ന് അതിൽനിന്ന് ശ്രദ്ധപോകും.
അടുത്തിടെയാണ് പരിശോധിച്ചപ്പോൾ ഇത് എ.ഡി.എച്ച്.ഡി ആണെന്ന് മനസിലായത്. സുഹൃത്തുക്കളോട് ഇക്കാര്യത്തേക്കുറിച്ച് പറഞ്ഞപ്പോൾ തങ്ങൾക്കെല്ലാം ഇത് നേരത്തേ അറിയാമായിരുന്നു എന്ന രീതിയിലായിരുന്നു പ്രതികരണം. ഇത് ഏതെങ്കിലുംതരത്തിലുള്ളവെളിപ്പെടുത്തലല്ല. പക്ഷേ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ട് സമാധാനംതോന്നുന്നുവെന്ന് ഇപ്പോൾ മനസിലാകുന്നുവെന്നും ആലിയ പറഞ്ഞു.
ക്യാമറയ്ക്കുമുന്നിൽ എപ്പോഴും അവതരിപ്പിക്കുന്ന കഥാപാത്രമായാണ് ഞാൻ നിൽക്കാറുള്ളത്. ഒരിക്കലും എവിടേക്കും എന്റെ ശ്രദ്ധ മാറുകയില്ല. ഇപ്പോൾ റാഹ വന്നതിൽപ്പിന്നെ അവൾക്കൊപ്പമിരിക്കുന്ന സമയത്തും ഞാൻ നന്നായി ഉണർന്നിരിക്കുന്നു. ഈ രണ്ട് നിമിഷങ്ങളാണ് ഞാൻ സമാധാനത്തോടെയിരിക്കുന്നത്.” ആലിയാ ഭട്ട് കൂട്ടിച്ചേർത്തു.
“നേരത്തേയും മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ആലിയ. ഉത്കണ്ഠാ രോഗത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് മുമ്പ് ആലിയ തുറന്നുപറഞ്ഞത്. ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകും.
തനിക്ക് നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നൽകുമെന്നും മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക എന്നുമാണ് അന്ന് ആലിയ പറഞ്ഞത്. കൂടാതെ വിശ്വാസമുള്ള ഒരാളോട് സംസാരിക്കൂ എന്നും അത് സഹായകമാകുമെന്നും ആലിയ പറഞ്ഞിരുന്നു.നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ‘ഇന്‍അറ്റന്‍ഷന്‍’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര.
അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.
ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.