28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ട്ടി നടപടിയിലെ ചതിയില്‍ തുറന്നു പറച്ചിലുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. സിപിഐഎം മുന്‍ എംപി ടിജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയെന്നാണ് ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിഎസ് സുജാതയുടെ തോല്‍വിയില്‍ ആയിരുന്നു നടപടി. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെ ആയിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചത്.

സുജാതയുടെ തോല്‍വിയില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്നാരോപിച്ച കള്ള റിപ്പോര്‍ട്ടിലൂടെയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു. അന്നത്തെ ആ സംഭവം താന്‍ ജീവിതത്തില്‍ നേരിട്ട വലിയ തിരിച്ചടിയായിരുന്നെന്നും അത് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി അന്ന് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. തന്നെ ചതിച്ചു. ചതിച്ചയാള്‍ പിന്നെ നല്ല രീതിയില്‍ അല്ല മരിച്ചതെന്നും ജി സുധാകരന്‍ പൊതുവേദിയില്‍ പറഞ്ഞു. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ് ആഞ്ചലോസ്. അന്ന് സിപിഐഎം പുറത്താക്കിയതുകൊണ്ട് സിപിഐയ്ക്ക് നല്ല സെക്രട്ടറിയെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്യാട് നടന്ന സിപിഐയുടെ പരിപാടിയിലായിരുന്നു ജി സുധാകരന്റെ തുറന്നുപറച്ചില്‍.സര്‍ക്കാരിനെതിരെയും ജി സുധാകരന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ തുടര്‍ച്ചക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പണം കണ്ടെത്താന്‍ ധനകാര്യവകുപ്പും ഞാനും നടത്തിയ പോരാട്ടം തനിക്കേ അറിയൂ. കിഫ്ബിയില്‍ നിന്ന് മാത്രമല്ല പണം കണ്ടെത്തിയത്. ജര്‍മ്മന്‍ ബാങ്കുകളില്‍ നിന്ന് ഞാന്‍ പണം ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. 2500 കോടിയാണ് വാങ്ങിയത്. ചരിത്ര ബോധമുള്ളവരാണ് പാര്‍ട്ടി നേതാക്കളാകേണ്ടതെന്നും ജി സുധാകരന്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *