ദില്ലി: ലോകത്ത് 6ജി നെറ്റ്‍വർക്ക് സാങ്കേതികവിദ്യ ഒരുക്കുന്നതില്‍ ഇന്ത്യയും പതാകവാഹകരാകും. 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്‍റ് സമർപ്പണങ്ങളില്‍ ലോകത്തില്‍ ആദ്യ ആറില്‍ ഇന്ത്യ ഉള്‍പ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ആഗോളതലത്തില്‍ ആറാം തലമുറ കണക്റ്റിവിറ്റി സൗകര്യ വികസനത്തില്‍ ഇന്ത്യക്ക് സുപ്രധാന റോള്‍ വഹിക്കാനുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

6ജി അടക്കമുള്ള സുപ്രധാന ആശയവിനിമയ സാങ്കേതികവിദ്യകളെ കുറിച്ച് ചർച്ചകള്‍ നടക്കുന്ന ലോക ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേർഡൈസേഷന്‍ അസംബ്ലിക്ക് ഇന്ത്യ ഒക്ടോബർ 15 മുതല്‍ 24 വരെ വേദിയാവുകയാണ്. ദില്ലിയിലാണ് സമ്മേളനം നടക്കുന്നത്.

6ജി, ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബിഗ് ഡാറ്റ അടക്കമുള്ള വരുംകാല സാങ്കേതിവിദ്യകളെ വിഭാവനം ചെയ്യുന്നതില്‍ നിർണായകമാണ് ഈ സമ്മേളനം. ഏഷ്യയില്‍ ഇതാദ്യമായാണ് ലോക ടെലികമ്മ്യൂണിക്കേഷന്‍സ്റ്റാന്‍ഡേർഡൈസേഷന്‍ അസംബ്ലി നടക്കുന്നത്.

അതിന് ഇന്ത്യ വേദിയാവുന്നു എന്നത് രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തിന് കരുത്തേകും. ഇതിനിടെയാണ് 6ജി പേറ്റന്‍റുകളിലെ ഇന്ത്യന്‍ കരുത്ത് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

6ജി ടെക്നോളജിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പേറ്റന്‍റുകള്‍ സമർപ്പിച്ച രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യ ആറാമതുള്ളതായി ഐപി മാനേജ്മെന്‍റ് കമ്പനിയായ മാക്സ്‍വാലിന്‍റെ റിപ്പോർട്ട് പറയുന്നു. 6ജിയുമായി ബന്ധപ്പെട്ട 188 പേറ്റന്‍റുകളാണ് ഇന്ത്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്

2024ല്‍ തന്നെ ഇത് 200 കടക്കും. 6,001 പേറ്റന്‍റുകളുമായി ചൈനയാണ് തലപ്പത്ത്. 3,909 പേറ്റന്‍റുകളുമായി അമേരിക്ക രണ്ടും 1,417പേറ്റന്‍റുമായി ദക്ഷിണ കൊറിയ മൂന്നും 584 പേറ്റന്‍റുമായി ജപ്പാന്‍ നാലും 214 പേറ്റന്‍റുമായി യൂറോപ്യന്‍ യൂണിയർ അഞ്ചും സ്ഥാനത്ത് നില്‍ക്കുന്നു. യുകെയും (151), ജർമനിയും (84), സ്വീഡനും (74), ഫ്രാന്‍സും (73 ഇന്ത്യക്ക് പിന്നിലാണ്.

അതേസമയം യുകെ ആസ്ഥാനമായുള്ള യു സ്വിച്ചിന്‍റെ പഠനം 6ജി പേറ്റന്‍റില്‍ ഇന്ത്യക്ക് നാലാം സ്ഥാനം നല്‍കുന്നുണ്ട്. 265 പേറ്റന്‍റ് ഇന്ത്യക്കുണ്ട് എന്നാണ് അവരുടെ കണക്ക്.

ഈ പട്ടികയില്‍ ചൈന (4,604), യുഎസ് (2,229), ദക്ഷിണ കൊറിയ (760) എന്നീ രാജ്യങ്ങള്‍ മാത്രമേ ഇന്ത്യക്ക് മുന്നിലുള്ളൂ. പേറ്റന്‍റുകളുടെ സുപ്രധാന വിതരണക്കാരും ചിലവ് കുറഞ്ഞ 6ജി സാങ്കേതികവിദ്യയുടെ അമരക്കാരുമാകാന്‍ ഇന്ത്യക്കാകും എന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *