ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിർദ്ദേശിച്ചു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചു. പിൻഗാമിയെ ശുപാർശ ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കത്ത് നൽകിയത്. നവംബർ 10 ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി

. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ്‌ ജസ്റ്റിസ് സഞ്ജീവ് ഖന്ന. കേന്ദ്ര സർക്കാർ ആണ് ശുപാർശക്ക്‌ അംഗീകാരം നൽകേണ്ടത്. സർക്കാർ അംഗീകരിച്ചാൽ , ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. 2025 മെയ് 13 വരെ 6 മാസത്തെ ഓഫീസ് കാലാവധിയാകും ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക്‌ ലഭിക്കുക.

1960 മേയ് 14ന് ജനിച്ച ജസ്റ്റിസ് സഞ്ജിവ് ഖന്ന 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായാണ് എൻറോൾ ചെയ്‌തത്‌. നിരവധി ക്രിമിനൽ കേസുകളിൽ ഡൽഹി ഹൈക്കോടതിയിൽ ഹാജരായ അദ്ദേഹം അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കറ് ക്യൂറിയുമായും ശ്രദ്ധേയനായി.

2019 ജനുവരി 18 നാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹമെത്തുന്നത്. ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ, സുപ്രീംകോടതിയിലേക്കെത്തുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സഞ്ജിവ് ഖന്ന. ഇടക്കാലത്ത് സുപ്രീംകോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്.

നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിങ് കൗൺസിൽ അംഗവുമായ സഞ്ജിവ് ഖന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ബെഞ്ചിലും ഉൾപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *