വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമെന്ന് ഖുശ്ബു പറഞ്ഞു. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നാണ് ഖുശ്ബു പറയുന്നത്.തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞുവെന്നന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്.അതേസമയം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സത്യന്‍ മൊകേരിയാണ് സിപിഐ സ്ഥാനാര്‍ത്ഥി. രൂപീകരണ കാലം മുതല്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ 2014-ല്‍ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന്‍ മൊകേരി.
ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിന്. പിവി അന്‍വര്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ചില്ലായിരുന്നെങ്കില്‍ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന്‍ മൊകേരി പിടിച്ചത്.