വെല്ലിങ്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോഡുമായി ന്യൂസീലന്‍ഡ് ബാറ്റര്‍ ചാഡ് ബൗസ്. ന്യൂസീലന്‍ഡിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഫോര്‍ഡ് കപ്പിലായിരുന്നു ബൗസിന്റെ വെടിക്കെട്ട് പ്രകടനം. ഒട്ടാഗോ വോള്‍ട്ട്‌സിനെതിരായ മത്സരത്തില്‍ വെറും 103 പന്തിലാണ് കാന്റര്‍ബറി കിങ്‌സിനായി കളത്തിലിറങ്ങിയ ബൗസ് ഇരട്ട സെഞ്ചുറി തികച്ചത്.
തന്റെ 100-ാം മത്സരത്തിലായിരുന്നു ബൗസിന്റെ ലോക റെക്കോഡ് പ്രകടനം.ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ എന്‍. ജഗദീശന്‍, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബൗസ് തിരുത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ജഗദീശനും ഹെഡും 114 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറി നേടിയവരാണ്.
ഓപ്പണറായി ഇറങ്ങി ഒട്ടാഗോ വോള്‍ട്ട്‌സ് ബൗളര്‍മാരെ പഞ്ഞിക്കിട്ട ചാഡ് ബൗസ്, 110 പന്തില്‍ നിന്ന് 205 റണ്‍സെടുത്താണ് ഒടുവില്‍ പുറത്തായത്. 27 ഫോറും ഏഴ് സിക്‌സുമടങ്ങുന്നതായിരുന്നു 32-കാരനായ താരത്തിന്റെ ഇന്നിങ്‌സ്. ബൗസിന്റെ വെടിക്കെട്ട് മികവില്‍ കാന്റര്‍ബറി കിങ്‌സ് 50 ഓവറില്‍ 343 റണ്‍സടിച്ചു.ന്യൂസീലന്‍ഡ് ദേശീയ ടീമിനായി ആറ് ഏകദിനങ്ങളും 11 ടി20 മത്സരങ്ങളും കളിച്ച താരമാണ് ബൗസ്. 53 പന്തില്‍ നിന്നായിരുന്നു ഈ മത്സരത്തില്‍ ബൗസ് സെഞ്ചുറി തികച്ചത്. ഫോര്‍ഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ച് സെഞ്ചുറികളിലൊന്നാണിത്.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ബൗസ് 2015-ലാണ് ന്യൂസീലന്‍ഡിലേക്ക് ചേക്കേറുന്നത്. ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച താരമാണ് ബൗസ്. 2012-ലെ അണ്ടര്‍-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നു.”