ധാക്ക: നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഏഷ്യൻ ഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് മത്സരം ജയിച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായാണ് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. നാലാം ദിനം106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

2014ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ചശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഏഷ്യൻ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. 2008ൽ ചിറ്റഗോറത്തില്‍ ഇന്നിംഗ്സിനും 205 റണ്‍സിനും ജയിച്ചശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശില്‍ ടെസ്റ്റ് വിജയം നേടുന്നത്.

സ്കോര്‍ ബംഗ്ലദേശ് 106, 307, ദക്ഷിണാഫ്രിക്ക 308, 106-3 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍ ടോണി ഡെ സോര്‍സി(41) ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം(20), ഡേവിഡ് ബെഡിങ്ഹാം(12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ട്രിസ്റ്റൻ സ്റ്റബ്സും(30), റ്യാന്‍ റിക്കിള്‍ടണും(1) ചേര്‍ന്ന് അവരെ വിജയവര കടത്തി.

ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ജയം തടയാനായില്ല. രണ്ടാം ഇന്നിംഗ്സില്‍ മെഹ്ദി ഹസന്‍ മിറാസിന്‍റെയും(97), ജെയ്കര്‍ അലിയുടെയും(58) അര്‍ധസെഞ്ചുറികളാണ് ബംഗ്ലാദേശിനെ മാന്യമായ സ്കോറിലെത്തിച്ചത്.

രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 29ന് ചിറ്റഗോറത്തില്‍ നടക്കും.ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

47.61% വിജയശതമാവുമായാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്. തോല്‍വിയോചെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ബംഗ്ലാദേശ് 30.56 ശതമാനുവുമായി ഏഴാം സ്ഥാനത്തേക്ക് വീണു. പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed