ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ലെന്നും ഇത് ഒരു തട്ടിപ്പാണെന്നും സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമിപ്പിച്ചു. ‘

മന്‍ കി ബാത്തിന്റെ’ 115-ാം എപ്പിസോഡിലാണ് ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചത്.ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്.

ഈ ഏജന്‍സികള്‍ക്കിടയില്‍ ഏകോപനം സാധ്യമാകാന്‍ നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവര്‍ പൊലീസ്, സിബിഐ, ആര്‍ബിഐ അല്ലെങ്കില്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഫോണ്‍ ചെയ്യുന്നത്.

അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം അവര്‍ നിങ്ങളെ ഭയപ്പെടുത്തും.

മൂന്നാം ഘട്ടത്തിലാണ് സമയവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നത്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഡിജിറ്റല്‍ അറസ്റ്റിന്റെ ഇരകള്‍ ആയിട്ടുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് പലര്‍ക്കും നഷ്ടമായത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോള്‍ വന്നാല്‍ പേടിക്കേണ്ട.

ഒരു അന്വേഷണ ഏജന്‍സിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യല്‍ നടത്തുന്നില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.ഡിജിറ്റല്‍ സുരക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. സാധ്യമെങ്കില്‍, ഒരു സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം റെക്കോര്‍ഡ് ചെയ്യുക.

ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.’- പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *