രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മാത്യു വേഡ്. 13 വര്‍ഷം നീണ്ട കരിയറിനാണ് വേഡ് തിരശീലയിട്ടത്. ആഭ്യന്തര വൈറ്റ് ബോള്‍ ക്രിക്കറ്റിലും ബിബിഎല്ലിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും കളിക്കുമെന്ന് മാത്യു വേഡ് വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയയുടെ പാക്കിസ്ഥാന് എതിരായ ട്വന്‍റി–20 പരമ്പരക്കുള്ള ടീമിന്‍റെ വിക്കറ്റ് കീപ്പിങ്, ഫീല്‍ഡിങ് കോച്ച് റോള്‍ വേഡിനെ തേടിയെത്തി.ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ വേഡായിരുന്നു.

2021ലെ ട്വന്‍റി20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ ജയത്തോടെയാണ് വേഡ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. സെമി ഫൈനലില്‍ പാകിസ്ഥാന് എതിരെ 17 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചെടുത്ത വേഡിന്‍റെ ഇന്നിങ്സോടെ ഫിനിഷര്‍ എന്ന നിലയില്‍ ഈ ഇടംകയ്യന്‍ ബാറ്റര്‍ സ്ഥാനം ഉറപ്പിച്ചു. പിന്നെ വന്ന രണ്ട് ട്വന്‍റി 20 ലോകകപ്പിലും ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ വേഡായിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസത്തെ ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പില്‍ സിലക്ടര്‍മാര്‍ വേഡിനോട് മുഖം തിരിച്ചിരുന്നു. 36 ടെല്റ്റുകളില്‍ നിന്ന് 1613 റണ്‍സ് ആണ് വേഡ് സ്കോര്‍ ചെയ്തത്. 97 ഏകദിനങ്ങള്‍ കളിച്ചതില്‍ നിന്ന് കണ്ടെത്തിയത് 1867 റണ്‍സും. 1202 റണ്‍സ് ആണ് 92 ട്വന്റി20കളില്‍ നിന്ന് സ്കോര്‍ ചെയ്തത്.

എന്‍റെ രാജ്യാന്തര കരിയര്‍ അവസാനത്തോട് അടുത്തതായി എനിക്ക് ബോധ്യമുണ്ട്. എന്‍റെ വിരമിക്കലും കോച്ചിങ് റോളും ഓസ്ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്ര്യു മക്ഡൊണാള്‍ഡുമായി കഴിഞ്ഞ ആറ് മാസത്തോളമായി സംസാരിച്ച് വരികയാണ്. രാജ്യാന്തര കരിയര്‍ ഇവിടെ അവസാനിക്കുമ്പോള്‍ ഓസീസ് ടീമിലെ എല്ലാ സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പരിശീലകര്‍ക്കും ഞാന്‍ നന്ദി പറയുന്നു, വേഡ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *