കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്.

അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നീകാര്യങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിക്കുന്നു. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച്ച രാത്രി 11.55 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *