മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍. വെള്ളിയാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ബെംഗളൂരുവിലും പൂനെയും ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അടിയറ വയ്‌ക്കേണ്ടിവന്നു.
തോല്‍വി അറിയാത്ത തുടര്‍ച്ചയായ പതിനെട്ട് ടെസ്റ്റ് പരമ്പരകളെന്ന ജൈത്രയാത്രയ്ക്കും അവസാനം. വെള്ളിയാഴ്ച ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരാന്‍ മുംബൈയില്‍ ഇറങ്ങുമ്പോള്‍, അഭിമാനപോരാട്ടമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും സംഘത്തിനും.
രണ്ടായിരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യക്കെതിരെ ഹാന്‍സി ക്രോണ്യേയുടെ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയത്.
മുംബൈയില്‍ നാല് വിക്കറ്റിനും ബെംഗളൂരുവില്‍ ഇന്നിംഗ്‌സിനും 71 റണ്‍സിനുമായിരുന്നു അന്ന് ഇന്ത്യയുടെ തോല്‍വി. ഈ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യയ്ക്ക് വാങ്കഡേയില്‍ ജയിച്ചേതീരൂ. ക്യാപ്റ്റന്‍ രോഹിത്തിന്റെയും വിരാട് കോലിയുടെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രതിസന്ധി.
നാല് ഇന്നിംഗ്‌സില്‍ രണ്ടുതവണ പൂജ്യത്തിന് പുറത്തായ രോഹിത്തിന് പരന്പരയില്‍ നേടാനായത് 62 റണ്‍സ് മാത്രം.കോലി നേടിയത് 88 റണ്‍സും. 0, 70, 1, 17 എന്നിങ്ങനെയാണ് കിവീസിനെതിരെ കോലിയുടെ സ്‌കോറുകള്‍.
ന്യൂസിലന്‍ഡിനെ കറക്കിവീഴ്ത്താന്‍ തയ്യാറാക്കിയ പൂനെയിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂപ്പുകുത്തിയതും ആശങ്ക. രണ്ട് ഇന്നിംഗ്‌സിലായി പതിമൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് നാല് വിജയം കൂടി നേടേണ്ടതുണ്ട്. മുംബൈയിലും ജയിക്കാനായില്ലെങ്കില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാല് മത്സരങ്ങള്‍ ജയിക്കേണ്ടി വരും. എന്നാല്‍ അവരുടെ നാട്ടില്‍ ഇത്രയും ടെസ്റ്റുകള്‍ ജയിക്കുക എളുപ്പമാവില്ല ഇന്ത്യക്ക്.