ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന സ്ഥിരീകരിച്ചു. ഡെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. അതിർത്തിയിൽ പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു.
മേഖലയിൽ കമാൻഡർമാരുടെ ചർച്ചകൾ തുടരുമെന്ന് കരസേന വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈനിക വിന്യാസം നടത്തിയത്.
മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികർ നീക്കം ചെയ്തിട്ടുണ്ട്. ഗാൽവാനിൽ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളായത്.
സൈനിക വിന്യാസത്തിന് ശേഷം ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തി വരുകയായിരുന്നു. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സൈനിക പിന്മാറ്റം പൂർത്തിയായതോടെ ഗാൽവാൻ സംഘർഷത്തിന് മുൻപുള്ള രീതിയിൽ പട്രോളിങ് നടപടികൾ പുനരാരംഭിക്കുക.