തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത.

തെക്കന്‍ കേരളത്തിൽ പൂര്‍ണമായും വടക്കന്‍ കേരളത്തില്‍ ഭാഗികമായും മഴ ശക്തി പ്രാപിക്കും.മഴ ശക്തമായ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് ഇന്ന് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കർണാടക – ലക്ഷദ്വീപ്  തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലഅതേസമയം മഴ ശക്തമായതോടെ പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തിലാണിത്. നിലവിൽ 115.06 മീറ്ററിനോടടുത്താണ് ഡാമിലെ ജലനിരപ്പ്.

018ന് ശേഷം ആദ്യമായാണ് ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നത്. നിലവിൽ ഡാമിൻറെ നാല് ഷട്ടറുകളും ഒരു സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് ഡാം ഷോപ്പിലേക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം

Leave a Reply

Your email address will not be published. Required fields are marked *