ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ത്തിന് തോൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അതിൽ ടീം ആത്മപരിശോധന നടത്തണം. പരിശീലനത്തിലെ കുറവും മോശം ഷോട്ട് തിരഞ്ഞെടുപ്പും എങ്ങനെ സംഭവിച്ചു.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ശുഭ്മൻ ഗിൽ തന്റെ മികവിലേക്ക് ഉയരുന്നതായി കാണിച്ചു. റിഷഭ് പന്ത് രണ്ട് ഇന്നിംഗ്സിലും മികച്ച പ്രകടനം നടത്തി. ഇത്രയധികം ബുദ്ധിമുട്ടുള്ള പിച്ചിൽ റിഷഭ് പന്ത് നടത്തിയ ഫുട്‍വർക്കുകൾ വ്യത്യസ്തമായിരുന്നു.
ചുരുക്കി പറഞ്ഞാൽ റിഷഭ് മികച്ച താരമാണെന്നും സച്ചിൻ തെണ്ടുൽക്കർ കുറിച്ചു.ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ വിജയത്തിന്റെ മുഴുവൻ അഭിനന്ദനവും ന്യൂസിലാൻഡിനാണ്. പരമ്പരയിൽ എല്ലായിപ്പോഴും സ്ഥിരതയാർന്ന പ്രകടനം ന്യൂസിലാൻഡ് ടീം പുറത്തെടുത്തു.
3-0ത്തിന് ഒരു ടെസ്റ്റ് പരമ്പര ഇന്ത്യയിൽ വിജയിക്കാൻ കഴിയുന്നതിനേക്കാൾ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതല്ലെന്നും സച്ചിൻ തെണ്ടുൽക്കർ വ്യക്തമാക്കി.ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യ നേരിട്ടത്.
24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.