ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മില്‍ നടന്ന അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ടെസ്റ്റിലെ അവസാന ദിനത്തിലെ മത്സരത്തിന് മുമ്പ് അമ്പയര്‍മാര്‍ പന്ത് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ താരം ഇഷാന്‍ കിഷാനാണ് ഇക്കാര്യം ചോദ്യം ചെയ്ത് അമ്പയര്‍മാര്‍ക്ക് മുമ്പിലെത്തിയത്.

മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉപയോഗിച്ച പന്തിന് പകരം പുതിയ പന്താണ് അമ്പയര്‍മാര്‍ നാലാംദിനത്തില്‍ നല്‍കിയത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ 86 റണ്‍സ് വേണ്ടിയിരുന്ന സമയത്തായിരുന്നു വിവാദ പന്ത് മാറ്റല്‍ നടന്നത്.

നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റും” എന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും അമ്പയര്‍ ഷോണ്‍ ക്രൈഗ് ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്പയറുടെ ഈ പ്രതികരണത്തെ ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു.

പുതിയ പന്ത് ഉപയോഗിച്ചാണോ ഞങ്ങള്‍ കളിക്കേണ്ടതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഇഷാന്‍ കിഷന്‍ അമ്പയറോട് ചോദിച്ച് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിങ്ങള്‍ പുതിയ പന്തുകൊണ്ട് കളിക്കുമെന്നായിരുന്നു അമ്പയറുടെ മറുപടി. അമ്പയറുടേത് ബുദ്ധിശൂന്യമായ തീരുമാനമാണെന്ന് അമ്പയര്‍ക്ക് ഇഷാന്‍ മറുപടി നല്‍കിയതോടെ അമ്പയര്‍ ഇഷാനെതിരെ തിരിഞ്ഞു.

തന്റെ തീരുമാനത്തില്‍ അതൃപ്തി കാണിച്ചത് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പ്രവൃത്തി കാരണമാണ് തങ്ങള്‍ പന്ത് മാറ്റിയതെന്നും അമ്പയര്‍ അറിയിച്ചു.

ഇതോടെ പുതിയ പന്തുകൊണ്ട് ബോള്‍ ചെയ്യാന്‍ ഇന്ത്യന്‍ സംഘം നിര്‍ബന്ധിതരായി.അതേ സമയം സംഭവത്തില്‍ വിശദീകരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അതോറിറ്റിയായ ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇന്ത്യക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണം അധികൃതര്‍ തള്ളി.

പന്ത് മോശം അവസ്ഥയിലായതിനാല്‍ അത് മാറ്റിയതാണെന്ന് അവര്‍ വ്യക്തമാക്കി. ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ഇക്കാര്യം അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസ്ട്രേലിയ മറികടന്നത്.

അതേ സമയം അമ്പയറോട് കയര്‍ത്തതിന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി വരുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വരുംനാളുകളില്‍ അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *