നടിയായിരുന്ന കാലത്ത് ഉച്ചയൂണിന് പതിവായി കാറിൽ കീർത്തി ഹോട്ടലിൽ വന്ന് ഞാന്‍ കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോൾ എനിക്കാ ഹോട്ടലിൽ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോൾ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു’ കെപിഎസി സൂസന്റെ ഈ വാക്കിലുണ്ട് നെഞ്ച് പിളരുന്ന വേദന.
നാടകങ്ങളിലെ ഒരുകാലത്തെ സൂപ്പര്‍ നായിക, തട്ടിൽ തിളങ്ങി നിന്ന താരം, അരങ്ങില്‍ നിറഞ്ഞാടിയ ഒരു കലാകാരി. കെപിഎസി നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും പ്രൊഫഷണല്‍ ട്രൂപ്പുകളിലുമായി നാലായിരത്തോളം നാടകങ്ങളില്‍ വേഷമിട്ട സൂസന് രാജ് ഇന്ന് ലോട്ടറി വിറ്റ് ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്.
തുടക്ക കാലങ്ങളില്‍ ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, പൂജപ്പുര രവി തുടങ്ങിയവരുടെ കൂടെയായിരുന്നു അഭിനയം.
എന്നാല്‍ ഇന്ന് ജീവിതം കൂട്ടിമുട്ടിക്കാനായി ലോട്ടറി ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുകയാണ് സൂസൻ. ഇപ്പോൾ സംവിധായകൻ പ്രസാദ് നൂറനാട് ആണ് സൂസന്റെ നിലവിലെ അവസ്ഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്.