തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. നടിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്.തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.
രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി.
തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.