ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സമയം ഏകദേശം രാത്രി 10.45. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി സിറിഞ്ച് എടുക്കാന്‍ പോയതായിരുന്നു മേഘ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വാര്‍ഡിലെ ഓക്‌സിജന്‍ സിലിണ്ടറിന് തീപിടിച്ചതാണ്.

തീപടര്‍ന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ മേഘ വാര്‍ഡ് ബോയിയെ വിളിച്ചു. അയാളെത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെ മേഘയ്ക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. ചോരക്കുഞ്ഞുങ്ങള്‍ക്കും പടരുന്ന തീക്കുമിടയില്‍ പകച്ച് നില്‍ക്കാന്‍ അവര്‍ തയാറായില്ല.

കുഞ്ഞു ജീവനുകള്‍ രക്ഷിക്കാന്‍ ആളിപ്പടരുന്ന തീയിലേക്ക് സ്വന്തം ജീവന്‍ പണയം വച്ച് മേഘ ഇറങ്ങി. ചുറ്റും വ്യാപിച്ച പുകയും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും ഇരുട്ടും ഒന്നും തടസമായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അവരുടെ ചെരിപ്പിന് തീ പിടിച്ചു.

അത് പിന്നെ കാലിലേക്കും സല്‍വാറിലേക്കും പടര്‍ന്നു. സഹായത്തിന് ആളെ വിളിച്ച് സല്‍വാര്‍ മാറ്റി ധരിച്ച് അവര്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. സ്വന്തം ശരീരത്തില്‍ തീ പടര്‍ന്നിട്ടും അത് വകവെക്കാതെ മേഘയും സംഘവും രക്ഷപെടുത്തിയത് 14 കുഞ്ഞുങ്ങളെ.

11 കുട്ടികളാണ് അപകടത്തില്‍ വെന്തുമരിച്ചത്. വാര്‍ഡിലെ 11കിടക്കകളിലായി 24ഓളം കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും പറ്റാവുന്ന അത്രയും കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുമ്പോള്‍ മേഘയുടെ ശബ്ദം ഇടറി.

കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ മേഘ തന്റെ ശരീരത്തില്‍ തീപടര്‍ന്നത് ശ്രദ്ധിച്ചില്ല. സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടായ നളിനി സൂദ് സാക്ഷ്യപ്പെടുത്തുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളെ എന്‍ഐസിയു വാര്‍ഡിന് സമീപമുള്ള മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയെന്നും നളിനി വ്യക്തമാക്കി.വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തമുണ്ടായത്. അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് സര്‍ക്കാര്‍ നിയോഗിച്ച അടിയന്തര അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടുത്തം ഉണ്ടാകുമ്പോള്‍ ആറ് നഴ്‌സുമാര്‍ ഐസിയു വാര്‍ഡില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ ഉണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ആരോപണങ്ങളും റിപ്പോര്‍ട്ട് തള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *