ക്രിയേറ്റിവിറ്റി കൂടിയാലും പ്രശ്നമാണോ? ഇതായിരിക്കും കൊക്കോകോള ഇപ്പോള്‍ ചിന്തിക്കുന്നത്. അടുത്തിടെ കൊക്കോകോളയുടെതായി പുറത്തിറങ്ങിയ ഒരു പരസ്യം ഇപ്പോള്‍ സൈബര്‍ ലോകത്ത് തന്നെ ചര്‍ച്ചാവിഷയമാണ്. കൊക്കോകോള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് അവരുടെ പഴയ അവധിക്കാല പരസ്യം പുനര്‍നിര്‍മിച്ചു. 1995ല്‍ പുറത്തിറങ്ങിയ “ഹോളിഡേയ്‌സ് ആർ കമിംഗ്” കാംപെയ്നാണ് പുനര്‍നിര്‍മ്മിച്ചത്.

മഞ്ഞുനിറഞ്ഞ മനോഹരമായ പട്ടണത്തിൽ എത്തുന്ന ചുവന്ന കൊക്കകോള ട്രക്കുകള്‍, ഹിമക്കരടികള്‍ തുടങ്ങി പൂർണ്ണമായും AI-നിർമ്മിത പരസ്യമാണ് കൊക്കോകോള ക്രിസ്തുമസ് പ്രമാണിച്ച് പുറത്തിറക്കിയത്.

പരസ്യം കളറായെങ്കിലും ആരാധകര്‍ക്ക് ദഹിച്ച മട്ടില്ല. ബ്രാന്‍ഡിങിന്‍റെ കൂടെ പുത്തന്‍ സാങ്കേതികവിദ്യയും കൂടി ചേര്‍ന്നുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു യഥാര്‍ഥത്തില്‍ കൊക്കോകാള. പക്ഷേ സംഭവം പാളി. കമ്പനിയുടെ സാധാരണ പരസ്യങ്ങള്‍ക്കുള്ള ഊഷ്‌മളത ഈ എ ഐ പരസ്യത്തിനില്ലെന്ന് പല ആരാധകരും വിലയിരുത്തി.

കൊക്കകോളയുടെ തന്നെ ഉടമസ്ഥതയിലുള്ള “റിയൽ മാജിക് എഐ” സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം നിര്‍മ്മിക്കപ്പെട്ടത്.കൊക്കോകോള പരസ്യം എ ഐ വച്ച് ഉണ്ടാക്കിയെങ്കില്‍ ലോകം അവസാനിച്ചുവെന്നാണ് ഒരു ആരാധകന്‍ എക്സില്‍ കുറിച്ചത്.

പുതിയ പരസ്യം കൊക്കോകോളയുടെ മാജിക്കിനെ കൊന്നു എന്ന് മറ്റൊരാള്‍ വിഷമം പങ്കുവെച്ചു. ആരാധകരുടെ ഈ വികാരം യൂട്യൂബിലും പ്രതിഫലിച്ചു. എ ഐ ജനറേറ്റഡ് സ്ലോപ്പ് എന്നാണ് ഒരാള്‍ കമന്‍റിട്ടത്. കമ്പനിയുടെ പരസ്യ വിഭാഗത്തെ വിമര്‍ശിച്ചും പലരും രംഗത്തെത്തി.

പരസ്യത്തിലെ ക്രിസ്മസിന്‍റെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നാണ് എല്ലാവരുടെയും പരാതി. കൊക്കോകോളയുടെ പുതിയ നീക്കത്തെ പ്രശംസിച്ചും ആളുകളെത്തി. ‘100% ഗെയിം ചേഞ്ചർ’ എന്ന് ചിലര്‍ കുറിച്ചു. പരസ്യരംഗത്തെ കുതിച്ചുചാട്ടമായി അടയാളപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *