ചെന്നൈ: 1000 ജീവനക്കാർക്കായി സ്പെയിനിലേക്ക് ഒരാഴ്ചത്തെ ടൂർ ഒരുക്കി കമ്പനി. യാത്രയുടെ എല്ലാ ചെലവുകളും കമ്പനി വഹിക്കുമെന്നാണ് അറിയിപ്പ്. റിയൽ എസ്റ്റേറ്റ് കമ്പനിയായ കാസാഗ്രാൻഡ് ആണ് ജീവനക്കാർക്കായി സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് ഒരാഴ്ചത്തെ യാത്ര സംഘടിപ്പിക്കുന്നത്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് കാസാഗ്രാൻഡ്. കമ്പനിയുടെ ലാഭ വിഹിത ബോണസായാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

കമ്പനിക്ക് നേട്ടമുണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിച്ച ജീവനക്കാരുടെ സംഭാവനകൾ വിലമതിച്ചു കൊണ്ടാണ് ജീവനക്കാരുടെ മാനസികോല്ലാസത്തിനായി യാത്ര ഒരുക്കുന്നത്. ജീവനക്കാരുടെ അർപ്പണബോധത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരം എന്ന നിലയിലാണ് യാത്രയെന്ന് സ്ഥാപനം അറിയിച്ചു.

എക്സിക്യൂട്ടീവുകൾ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ മികവ് പുലർത്തിയ ജീവനക്കാർക്കായാണ് യാത്ര. ഇന്ത്യയിലെയും ദുബൈയിലെയും ഓഫീസുകളിലെ ജീവനക്കാരെ ഒരുമിച്ചാണ് കൊണ്ടുപോവുക. സ്പെയിനിന്റെ സമ്പന്നമായ സംസ്കാരം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവ അനുഭവിച്ചറിയാൻ കഴിയും വിധമാണ് യാത്ര

.2013 മുതൽ സ്ഥാപനം ജീവനക്കാർക്കായി വിദേശ ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്. സിംഗപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക, ദുബായ്, മലേഷ്യ, ലണ്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഇതിനകം യാത്ര നടത്തി. 2022 ൽ സ്വിറ്റ്സർലൻഡിലേക്കും 2023 ൽ ഓസ്‌ട്രേലിയയിലേക്കുമാണ് കമ്പനി ജീവനക്കാർക്കായി ടൂർ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *