സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’. ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിക്കിടെ അല്ലു തമിഴിൽ പ്രസംഗിച്ചിരുന്നു.
ഇതിന്റെ പേരിൽ നടന് നേരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകൾ ഉയർന്നിരിക്കുകയാണ്.
നേരത്തെ ഒരു പരിപാടിയുടെ ഭാഗമായി കെജിഎഫ് താരം യഷ് തെലുങ്കിൽ സംസാരിക്കുന്ന പഴയ വീഡിയോയാണ് ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. നാടിന്റെ സംസ്കാരത്തിന് നൽകുന്ന ബഹുമാന സൂചകമായാണ് താൻതെലുങ്കിൽ സംസാരിക്കുന്നത് എന്നായിരുന്നു യഷ് അന്ന് പറഞ്ഞത്.
ഇപ്പോൾ പുഷ്പയുടെ ഇവന്റിൽ തമിഴിൽ സംസാരിച്ച അല്ലുവും ഇത് തമിഴ് മണ്ണിനുള്ള തന്റെ ബഹുമാനമാണ് എന്നാണ് പറഞ്ഞത്. യഷിന്റെ വാക്കുകൾ പോലും അല്ലു അർജുൻ കോപ്പിയടിച്ചു എന്നാണ് ചിലർ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത്.
പുഷ്പ 2 ന്റെ ട്രെയിലർ റിലീസിന് പിന്നാലെ യഷ് ചിത്രം കെജിഎഫുമായി സാമ്യതകളുണ്ടെന്ന് ചില കോണുകളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്‍ ഇവന്‍റിലെ പ്രസംഗം കൂടി വന്നതോടെ യഷിന്റെ വാക്കുകൾ പോലും അല്ലു കോപ്പിയടിച്ചു എന്ന രീതിയിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലേക്ക് അടുത്ത ദിവസം പുഷ്പ ടീം എത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്.
ഇതിനിടയിൽ സിനിമയിലെ ചില രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ക്ലൈമാക്‌സ് സീനുകളിലെ വിഎഫ്എക്‌സും അവസാനഘട്ടത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സെന്‍സറിങ്ങും ഐമാക്‌സ് കണ്‍വേര്‍ഷനും പോലുള്ള വലിയ കടമ്പകള്‍ ഇതുമൂലം വൈകിയേക്കുമെന്നാണ് പറയുന്നത്.
എന്നാൽ ഇത്പരിഹരിക്കാനായി നാല് പ്രൊഡക്ഷന്‍ ടീമുകളെ സംവിധായകന്‍ സുകുമാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വിവരം ഉണ്ട്.