ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോള്‍ അപ്രതീക്ഷിതമായ ചില പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള 12 താരങ്ങള്‍ ലേലലിസ്റ്റില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎല്‍ കരാര്‍ ലഭിച്ചത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.

കേരള ക്രിക്കറ്റിന്റെ ശ്രദ്ധേയ താരങ്ങളായ സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സും വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്‌സും തട്ടകത്തിലെത്തിച്ചു. എന്നാല്‍ മൂന്നാമത്തെ മലയാളി താരമാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ചത്.

വിഗ്നേഷ് പുത്തൂര്‍ എന്ന മലയാളി താരമാണ് ഇത്തവണത്തെ ഐപിഎല്ലിലെ സര്‍പ്രൈസ് എന്‍ട്രിയായത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 19കാരനെ മുംബൈ ഇന്ത്യന്‍സാണ് തട്ടകത്തിലെത്തിച്ചത്.

ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് മുംബൈ വിഗ്നേഷിനെ സ്വന്തമാക്കിയത്.കേരളത്തിന്റെ സീനിയര്‍ ടീമിന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷ് ഈ വര്‍ഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു.

കെസിഎല്ലിലെ മിന്നും പ്രകടനമാണ് മുംബെെയുടെ സ്‌കൗട്ടിങ് ടീം വിഗ്നേഷിനെ നോട്ടമിടാന്‍ കാരണം. ഐപിഎല്‍ ലേലത്തിന് മുന്‍പുതന്നെ മുംബൈ ഇന്ത്യന്‍സ് വിഗ്നേഷിനെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സിലും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് തന്റെ 19ാം വയസ്സില്‍ വിഗ്നേഷിന് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങിയത്.

അതേസമയം, വിഷ്ണു വിനോദും സച്ചിൻ ബേബിയും ഇതിനുമുന്‍പും ഐപിഎല്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. 30 ലക്ഷം അടിസ്ഥാന വിലയ്ക്ക് ലേലത്തിനെത്തിയ വിഷ്ണുവിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *