എസ്‌യുവി നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ആഗ്ര ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോക്ടര്‍മാര്‍ സഞ്ചരിച്ച എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയിലെ റോഡിലേക്ക് കയറിയ വാഹനം നേരെ വന്ന ട്രക്കിലിടിച്ചാണ് ദുരന്തം സംഭവിച്ചത്.
ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ പിജി ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്.ലക്നൗവില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്തു തിരിച്ചുവരും വഴിയാണ് ഡോക്ടര്‍മാര്‍ അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ഹൈവേയില്‍ അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ ഗുരുതരപരുക്കേറ്റ് ഒരാള്‍ ചികിത്സയിലാണ്. ഡോ.അനിരുദ്ധ് വര്‍മ, ഡോ. സന്തോഷ്‌കുമാര്‍ മൗര്യ, ഡോ .ജയ്‌വീര്‍സിങ്, ഡോ.അരുണ്‍ കുമാര്‍, ഡോ. നര്‍ദേവ് എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വണ്ടി തകര്‍ന്നുതരിപ്പണമായതായി സിഐ പ്രിയങ്ക ബജ്‌പായ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ചതായും ചികിത്സയിലുള്ള ഒരാളുടെ നില അതിഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.