ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി താരങ്ങൾ. പെർത്തിൽ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ ഇടിച്ച ബുംമ്ര ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തി.

ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയെ മറികടന്നാണ് ബുംമ്ര ഒന്നാമതെത്തി‍യത്. ഈ വർഷം രണ്ടാം തവണയാണ് താരം ഒന്നാമതെത്തുന്നത്.ബോർഡർ-ഗാവസ്കർ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹാസിൽവുഡിനും പിറകിലായി മൂന്നാമതായിരുന്നു ബുംമ്രയുടെ സ്ഥാനം.

എന്നാൽ പെർത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് നേടിയതോടെ ബുംമ്ര ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ബുംമ്രയെ കൂടാതെ യുവതാരം യശ്വസ്വി ജയ്‍സ്വാളും റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി. രണ്ടാം ഇന്നിങ്സിൽ 161 റൺസായിരുന്നു താരം അടിച്ചെടുത്തിരുന്നത്.

ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ജയ്സ്വാൾ. ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട് നിലനിർത്തി. ടെസ്റ്റ് കരിയറിൽ 30ാം സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്‌ലി ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തി.

ആദ്യ ടെസ്റ്റിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യൻ ടീമും മുന്നിലെത്തിയിരുന്നു. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇനിയുള്ള നാല് മത്സരങ്ങളിൽ മൂന്ന് മത്സരം കൂടി ജയിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനും ഇന്ത്യയ്ക്കാകും

Leave a Reply

Your email address will not be published. Required fields are marked *