തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം.ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.

നാടോടി സംഘത്തില്‍ അംഗമായ യുവതി മഞ്ഞ് കാരണം ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു, ഈ സമയമാണ് അമിത വേഗത്തില്‍ പാഞ്ഞുവന്ന ലോറി ദേഹത്തൂടെ കയറി ഇറങ്ങിയത്.മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് മരിച്ചത്, പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കാണ് പരുക്കേറ്റത്. സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാർവതി.

അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *