ജയസൂര്യ നായകനായെത്തിയ ‘വെള്ളം’ സിനിമ കണ്ടതോടു കൂടി ജീവിതത്തിൽ വന്നെത്തിയ മാറ്റത്തെ കുറിച്ച് പറഞ്ഞ് നടൻ അജു വർഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം വന്നതെന്നാണ് നടന്‍റെ വെളിപ്പെടുത്തൽ.
ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം പരിധി വിട്ടു നിൽക്കുമ്പോഴാണ് ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമ ഒടിടിയിൽ കാണാൻ ഇടയാകുന്നത്. എന്നെങ്കിലും മുരളിയുടെ അവസ്ഥ തനിക്കും വന്നുചേരുമെന്ന തോന്നൽ ഈ സിനിമ കണ്ടപ്പോൾ തന്നിലുണ്ടാക്കിയെന്നും അവിടെ നിന്നാണ് ജീവിതത്തിൽ ഒരു ശീലമായി തുടങ്ങിയ മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്നും അജു വർഗീസ് പറയുന്നു.
മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങിയെന്നും താരം പറയുന്നു .
സത്യം പറഞ്ഞാൽ വളരെ വൈകിയാണ്, ജയേട്ടനോട് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്. നിർമാതാവായ മുരളിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ ജീവിതമായിരുന്നു ആ സിനിമയ്ക്കു പ്രചോദനമായത്’ –അജു വർഗീസ് പറയുന്നു.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.