ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ലാക്കി ഭാസ്കർ. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.
രണ്ട് ദിവസം പിന്നിടുമ്പോഴും സിനിമ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇന്ത്യ, ഒമാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബഹറൈൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സിനിമ ട്രെൻഡിങ് നമ്പർ വണ്ണുമാണ്.
തിയേറ്റർ വിജയത്തിന് പുറമെ ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ ആവേശത്തിലാണ് ആരാധകർ.തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്.
ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യഎന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.
മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.