അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി മികവ് കാട്ടിയതോടെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും കെ എൽ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങണമെന്ന ആവശ്യം ശക്തമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിവന്ന സാഹചര്യത്തില്‍ അഡ്‌ലെയ്ഡിലും ഓപ്പണറായി ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ മറുപടി നല്‍കിയത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഏത് സ്ഥാനത്ത് ബാറ്റു ചെയ്യുണമെന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതാരോടും പറയരുതെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുക എന്നതാണ് പ്രധാനമെന്നും രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യക്കായി കളിക്കാനിറങ്ങുക എന്നതാണ് പ്രധാനം. ഏത് സ്ഥാനത്ത് ബാറ്റു ചെയ്യുന്നു എന്നത് പ്രസക്തമല്ല. മുമ്പ് പലപ്പോഴും പല പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു. ആദ്യ 20-25 പന്തുകള്‍ എങ്ങനെ കളിക്കണം, എപ്പോള്‍ ആക്രമിച്ചു കളിക്കണം എന്നൊക്കെ. എന്നാല്‍ വിവിധ ഫോര്‍മാറ്റുകളില്‍ കളിച്ച് പരിചയസമ്പത്തായതോടെ ഇപ്പോൾ തനിക്കാ പ്രശ്നമില്ലെന്നും രാഹുല്‍ പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യണമെന്ന് വളരെ നേരത്തെ എന്നോട് പറഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഞാന്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ ഓപ്പണ്‍ ചെയ്യേണ്ടിവരുമെന്ന് ടീം മാനേജ്മെന്‍റ് എന്നോട് പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് നേരത്തെ താറെടുക്കാന്‍ സമയം കിട്ടിയെന്നും രാഹുല്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *