കണ്ണൂര്‍: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്.

മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട തൃശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ ദിവ്യയുടെ ഭര്‍ത്താവ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ എസ്‌ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയവും കുടുംബത്തിനുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.

ഹര്‍ജിയില്‍ ഹൈക്കോടതി ഡിസംബര്‍ ആറിന് വിശദമായ വാദം കേള്‍ക്കും.ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് താമസ സ്ഥലത്ത് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നവീന്‍ ബാബുവിനായി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി പി ദിവ്യ നടത്തിയ പരാമര്‍ശം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലാണ് പി പി ദിവ്യ.

Leave a Reply

Your email address will not be published. Required fields are marked *