തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം.
വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ശേഷിക്കേ നാഗ ചെെതന്യ ശോഭിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹശേഷവും ശോഭിത അഭിനയരംഗത്തുണ്ടാകുമെന്ന് നാഗചൈതന്യ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ശോഭിതയുടേത് തനി തെലുങ്ക് കുടുംബമാണെന്നും വീട്ടിലുള്ളവര്‍ക്കെല്ലാം തന്നോട് വലിയ സ്നേഹമാണെന്നും നാഗ ചൈതന്യ പറഞ്ഞു. ശോഭിത തീര്‍ത്തും ഒരു ഫാമിലി ഗേള്‍ ആണെന്നും പല ആഘോഷങ്ങളിലും ഒന്നിച്ചുണ്ടായിരുന്നതിനാല്‍ തനിക്കിത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വളരെ ലളിതമായിട്ടായിരുന്നു ഓഗസ്റ്റില്‍
താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് നാഗചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.