അഡ്​ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുടെ സീരിസില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ എത്രാമനായി ഇറങ്ങുമെന്നത് ടീമിലും ആരാധാകര്‍ക്കിടയിലും സജീവ ചര്‍ച്ചയായിരുന്നു.

പെര്‍ത്തില്‍ രാഹുല്‍–യശസ്വി ഓപ്പണിങ് കൂട്ടുകെട്ട് 201 റണ്‍സാണ് നേടിയത്. ‘ഇന്നിങ്സ് രാഹുല്‍ ഓപ്പണ്‍ ചെയ്യും. ഞാന്‍ മധ്യനിരയിലെവിടെയെങ്കിലും കളിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇതൊട്ടും എളുപ്പമല്ലെങ്കിലും ടീമിന് നിലവില്‍ ഇതാണ് ആവശ്യം’- രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് ഓപ്പണറായി ഇത്ര മികച്ച പ്രകടനം കാഴ്ച വച്ച രാഹുല്‍ ആ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.2019 ല്‍ ഓപ്പണറായി ഇറങ്ങിയതോടെയാണ് രോഹിത് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ‘ടീമിനെ സംബന്ധിച്ച് ഫലമാണ് പ്രധാനം. ജയിക്കുകയാണ് പ്രധാനം, അതില്‍ കുറഞ്ഞതൊന്നും ചിന്തയില്‍ ഇല്ല.

പെര്‍ത്തില്‍ അവര്‍ രണ്ടുപേരും മനോഹരമായികളിച്ചു. ഞാന്‍ വീട്ടിലിരുന്ന് ആ കളി കാണുകയായിരുന്നു. രാഹുലിന്‍റെ ബാറ്റിങ് ഞാനേറെ ആസ്വദിച്ചു. ഈ സമയത്ത് ആ സ്ഥാനത്ത് രാഹുല്‍ തുടരേണ്ടത് ആവശ്യമാണ്. അതില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു

. വ്യക്തിപരമായി പറഞ്ഞാല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടുംഎളുപ്പമല്ല. പക്ഷേ ടീമിന് ഇന്നത് ആവശ്യമാണെന്നും രോഹിത് വിശദീകരിച്ചു.

2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രാഹുല്‍ ഓപ്പണറായി ഇറങ്ങിയത്. പെര്‍ത്തില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ ജയം ഓസീസിനെതിരെ സ്വന്തമാക്കിയത്.

മകന്‍ ജനിച്ചതിനെ തുടര്‍ന്ന് രോഹിതിന് ഈ ടെസ്റ്റ് നഷ്ടമായിരുന്നു. നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെയാകും അഡ്​ലെയ്ഡില്‍ ഡേ– നൈറ്റ് ടെസ്റ്റിന് തുടക്കമാവുക.

Leave a Reply

Your email address will not be published. Required fields are marked *