ടി20 യിൽ പാകിസ്താനെ 11 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ പാക്സിതാന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റൺസിലവസാനിച്ചു. പാകിസ്താന് വേണ്ടി 62 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് ടോപ് സ്കോററായി.
15 പന്തില്‍ 31 റണ്‍സെടുത്ത സയീം അയൂബും ഭേദപ്പെട്ട പ്രകടനം നടത്തി. സൂപ്പർ താരം ബാബർ അസം റൺസൊന്നുമെടുക്കാതെ പുറത്തായി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തകർന്നപ്പോൾ ഡേവിഡ് മില്ലറാണ് രക്ഷിച്ചത്. 40 പന്തില്‍ എട്ട് സിക്സറുകളും നാല് ഫോറുകളും അടക്കം മില്ലർ 82 റൺസ് നേടി.
വാലറ്റത്ത് ജോർജ് ലിന്‍ഡെയും തകർത്തടിച്ചു. നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 24 പന്തില്‍ 48 റൺസാണ് നേടിയത്. പാകിസ്താന് ഷഹീന് അഫ്രീദിയും അബ്രാര്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ജോർജ് ലിന്‍ഡെയുടെ നാല് വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ തകർത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.