ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന ബഹുമതിയാണ് ഷഹീന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് പാക് പേസര്‍ ചരിത്രം കുറിച്ചത്.
ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ 11 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞിരുന്നു. പ്രോട്ടീസ് ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക് പടയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
പരാജയത്തിനിടയിലും പാക് ആരാധകരെ ആവേശത്തിലാക്കിയാണ് ഷഹീന്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റുകളാണ് ഷഹീന്‍ അഫ്രീദി പിഴുതത്.
ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യം താരമെന്ന റെക്കോര്‍ഡും ഷഹീന്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 112 വിക്കറ്റും ടെസ്റ്റില്‍ 116 വിക്കറ്റും ഷഹീന്‍ നേടിയിട്ടുണ്ട്.
ട്വന്റി 20യില്‍ നൂറ് വിക്കറ്റ് നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പാക് താരമാണ് ഷഹീന്‍ ഷാ അഫ്രീദി. ഹാരിസ് റൗഫ്, ശദബ് ഖാന്‍ എന്നിവരാണ് മുന്‍പ് ട്വന്റി20യില്‍ നൂറു വിക്കറ്റ് നേടിയ മറ്റു പാകിസ്താന്‍ താരങ്ങള്‍.
തന്റെ 74-ാം ടി20 മത്സരത്തിലാണ് 24കാരനായ ഷഹീന്‍ 100 വിക്കറ്റ് പൂര്‍ത്തീകരിച്ചത്. ട്വന്റി20യില്‍ അതിവേഗം നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പാക് താരമായി മാറാനും 24 കാരന് സാധിച്ചു.