ട്രാവിസ് ഹെഡിൻ്റെ 140 റൺസിൻ്റെ തകർപ്പൻ പ്രകടനത്തിലാണ് അഡ്‌ലെയ്ഡിൽ ഇന്ത്യ ഓസീസിനെതിരായ ടെസ്റ്റ് കൈവിട്ടത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട സ്വപനങ്ങൾ തകർത്തതും ട്രാവിസ് ഹെഡെന്ന ഇടം ക്കയ്യനായിരുന്നു. ടി 20 യിലും ഏകദിനത്തിലും ടെസ്റ്റിലും തന്റെ പ്രത്യേക സ്‌റ്റൈൽ ബുക്കിലാണ് താരം ബാറ്റ് വീശുന്നത്.
ഗാബയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കുന്നതും ഹെഡിനെയായിരിക്കും.പെർത്തിലെ ആദ്യ ഇന്നിങ്സിൽ 11 റൺസെടുത്ത് പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ പക്ഷെ 101 പന്തിൽ എട്ട് ഫോറുകളുമായി 89 റൺസ് നേടിയിരുന്നു.
അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ നാല് സിക്സറുകളും 17 ഫോറുകളും അടക്കം 141 പന്തിൽ ബാസ് ബോൾ ശൈലിയിൽ ബാറ്റ് വീശിയാണ് താരം 140 റൺസെടുത്തത്. രണ്ടാം ഇന്നിങ്സിലാവട്ടെ ഹെഡ് ബാറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഓസീസ് ജയിച്ചിരുന്നു.ഇപ്പോഴിതാ ഹെഡിനെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ചില മുൻ ലോക താരങ്ങൾ. സ്റ്റാർ സ്പോർട്സിന്റെ പ്രത്യേക പരിപാടിയിലായിരുന്നു അഭിപ്രായ പ്രകടനങ്ങൾ.
ഹെഡ് നേടുന്ന റണ്ണുകളിൽ ഭൂരിഭാഗവും ഓഫ് സൈഡിൽ നിന്ന് നേടിയതിനാൽ ഹെഡ്സിൻ്റെ ലെഗ് സൈഡ് ലക്ഷ്യമിട്ട് പന്തെറിയാനാണ് ചേതേശ്വർ പൂജാര ഇന്ത്യയെ ഉപദേശിച്ചത്. അഡലെയ്‌ഡിൽ ഇന്ത്യൻ ബൗളർമാർ ഓഫ് സൈഡിലേക്ക് എറിഞ്ഞ് ഹെഡിന് കൂടുതൽ ആനുകൂല്യം നൽകുകയായിരുന്നുവെന്ന് പറഞ്ഞ പൂജാര ഗാബ വിക്കറ്റിൻ്റെ വേഗവും ബൗൺസും മുതലെടുത്ത് ഷോർട്ട് പിച്ച് പന്തുകൾ എറിയാനും നിർദേശിച്ചു.
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡനും സമാന അഭിപ്രായം പങ്കുവെച്ചു ‘തീർച്ചയായും ട്രാവിസ് ഹെഡ് സ്കോർ ചെയ്യുന്ന ആദ്യ 30 റൺസിനുള്ളിൽ കുറച്ച് ഷോർട്ട് പിച്ച് ബൗളിങ് ഉണ്ടായിരിക്കണം.
ഫീൽഡിങ് സംവിധാനവും അതിന് വേണ്ടി ഫലപ്രദമായി വിന്യസിക്കണം, എങ്കിൽ ക്യാച്ചിലൂടെ ഹെഡിനെ ഉടനെ പുറത്താക്കാം’, ഹെയ്ഡൻ പറഞ്ഞു. ഓഫ് സ്റ്റമ്പിന് പുറത്ത് ബൗൾ ചെയ്യരുതെന്നും ലെഗ് സ്റ്റമ്പിലേക്കോ മിഡിൽ സ്റ്റമ്പിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ് പറഞ്ഞു.മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപ്തയും അഡ്‌ലെയ്ഡിൽ ഇന്ത്യ ഷോർട്ട് ബോൾ ഉപയോഗിച്ചില്ലെന്ന് പ്രതികരിച്ചു.
ഗാബ വിക്കറ്റിൻ്റെ ലോംഗ് ബൗണ്ടറികളും എക്‌സ്‌ട്രാ ബൗൺസും ഇന്ത്യൻ സീമർമാർക്ക് പ്രയോജനപ്പെടുത്താമെന്നും ബൗൺസറുകൾ ഉപയോഗിച്ച് ഹെഡ് ട്രിപ്പ് ഒഴിവാക്കാമെന്നും പറഞ്ഞു. തന്റെ നെഞ്ചിന് നേരെയുള്ള ഷോർട്ട് പിച്ച് ബൗളുകളെ നേരിടാൻ ഹെഡിന് ദൗർബല്യം ഉണ്ടെന്നും അതുപയോഗിച്ച് നേരിടാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ മുൻ സ്പിന്നർ തന്നെയായ പിയൂഷ് ചൗളയും പറഞ്ഞു.