ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ കളിച്ച പേസര്‍ സ്കോട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ഹേസല്‍വുഡ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും നെറ്റ്സില്‍ മികച്ച രീതിയില്‍ പന്തെറിയാനാവുന്നുണ്ടെന്നും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.അഡ്‌ലെയ്ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബോളണ്ടിനെ ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും പരമ്പരയിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ബോളണ്ടിന് അവസരം ലഭിക്കുമെന്നും കമിന്‍സ് വ്യക്തമാക്കി.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബോളണ്ട് രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.1988 മുതല്‍ ഗാബയില്‍ തോല്‍വി അറിയാതിരുന്ന ഓസീസ് കോട്ട തകര്‍ത്തത് 2021ല്‍ ഇന്ത്യയായിരുന്നു. റിഷഭ് പന്തിന്‍റെ ബാറ്റിംഗ് മികവിലാണ് അന്ന് ഇന്ത്യ അവിസ്മരണീയ വിജയവും പരമ്പരയും സ്വന്തമാക്കിയത്.

പിന്നീട് ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസും ഗാബയില്‍ ഓസീസിനെ വീഴ്ത്തിയിരുന്നു. എന്നാല്‍ ഗബയിലെ ഓസീസിന്‍റെ റെക്കോര്‍ഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റെക്കോര്‍ഡുകളില്‍ കാര്യമില്ലെന്നും ഓരോ വര്‍ഷവും ഡസന്‍ കണക്കിന് വേദികളില്‍ കളിക്കുന്നവരാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ ഏതെങ്കിലും വേദിയില്‍ ഒരു ടീമിനും വിജയം ഉറപ്പ് പറയാനാവില്ലെന്നും കമിന്‍സ് പറഞ്ഞു.പരിചിതമായ, മികവ് കാട്ടാന്‍ കഴിഞ്ഞ വേദി എന്ന നിലയില്‍ മാത്രമാണ് ബ്രിസ്ബേനെ കാണുന്നതെന്നും കളി തുടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 0-0 എന്നാണ് കാണിക്കുകയെന്നും അതുകൊണ്ട് തന്നെ വേദി ഏതെന്നതില്‍ കാര്യമില്ലെന്നും കമിന്‍സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *