ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ നടത്തിയ വംശീയ പരാമര്‍ശത്തില്‍ പരസ്യമായ മാപ്പു പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ താരവും അവതാരകയുമായ ഇസ ഗുഹ. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയെ ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ്(വാലില്ലാത്ത ആള്‍ക്കുരങ്ങ്) എന്നായിരുന്നു ഇസ ഗുഹ വിശേഷിപ്പിച്ചത്. ബുമ്രയെ പ്രകീര്‍ത്തിച്ച് പറഞ്ഞതാണെങ്കിലും ഇത് വംശീയ പരാമര്‍ശമാണെന്ന ആരോപണം ഉയരുകയും പരാമര്‍ശം വന്‍വിദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ ഗുഹ ലൈവില്‍ വന്ന് മാപ്പു പറഞ്ഞത്.
ഏറ്റവും വിലപിടിപ്പുള്ള ആള്‍ക്കുരങ്ങാണ് ബുമ്ര, ഈ ടെസ്റ്റ് പരമ്പരക്ക് മുമ്പ് അവനെക്കുറിച്ച് ആളുകള്‍ ഇത്രയധികം സംസാരിക്കുന്നതും അവന്‍റെ കായികക്ഷമതയിലേക്ക് ഉറ്റുനോക്കിയതും വെറുതെയല്ല. പക്ഷെ ഗ്രൗണ്ടില്‍ അവനെ പിന്തുണക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണമെന്നായിരുന്നു ഇസ ഗുഹ പറഞ്ഞത്.
ഇന്ന് രാവിലെ ഫോക്സ് ക്രിക്കറ്റിന്‍റെ കമന്‍ററിക്കെത്തിയ ഇസ ഗുഹ, ഇന്നലെ കമന്‍ററിക്കിടെ താന്‍ നടത്തിയ പരാമര്‍ശം മോശമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടെന്നും താന്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറയുന്നുവെന്നും വ്യക്തമാക്കി.
തന്‍റെ കമന്‍ററി മുഴുവനായി കേട്ടാല്‍ ഇന്ത്യയുടെ മഹത്തായ ഒരു കളിക്കാരനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാചകങ്ങളായിരുന്നു അതെന്ന് ആര്‍ക്കും മനസിലാവുമെന്നും എന്നാല്‍ ബുമ്രയുടെ നേട്ടത്തിന്‍റെ വലിപ്പം കാണിക്കാനായി താന്‍ ഉപയോഗിച്ച പദം തെറ്റായി പോയെന്നും ഇസ ഗുഹ പറഞ്ഞു.
അതിന് നിരുപാധികം മാപ്പ് പറയുന്നുവെന്നും ഒരു ദക്ഷിണേഷ്യക്കാരി കൂടിയായ തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇസ ഗുഹ വ്യക്തമാക്കി.ഇസ ഗുഹ മാപ്പു പറഞ്ഞതിനെ കമന്‍ററിയില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി അഭിനന്ദിച്ചു.
ധീരയായ വനിതയാണ് ഇസ ഗുഹയെന്നും ലൈവ് കമന്‍ററിക്കിടെ മാപ്പു പറയാന്‍ ധൈര്യം വേണമെന്നും രവി ശാസ്ത്രി പറഞ്ഞു. ആളുകള്‍ക്ക് തെറ്റു പറ്റാമെന്നും തെറ്റ് പറ്റിയാല്‍ തിരുത്താന്‍ തയാറാവുന്നതാണ് മഹത്തായ കാര്യമെന്നും ഇതോടെ ഈ അധ്യായം അവസാനിച്ചുവെന്നും രവി ശാസ്ത്രി പറഞ്ഞു.