ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് വിജയത്തിലേക്ക്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലാണ്. 658 എന്ന വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ന്യൂസിലാൻഡ് ഉയർത്തിയിരിക്കുന്നത്.
രണ്ട് ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം. സ്കോർ ന്യൂസിലാൻഡ് ആദ്യ ഇന്നിംഗ്സിൽ 347, ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 143. ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 453, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ്.മൂന്നാം ദിവസം രാവിലെ മൂന്നിന് 136 റൺസെന്ന സ്കോറിൽ നിന്നാണ് ന്യൂസിലാൻഡ് ബാറ്റിങ് പുനരാരംഭിച്ചത്.
കെയ്ൻ വില്യംസൺ നേടിയ 156 റൺസാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. രചിൻ രവീന്ദ്ര 44, ഡാരൽ മിച്ചൽ 60, ടോം ബ്ലൻഡൽ പുറത്താകാതെ 44, മിച്ചൽ സാന്റനർ 49 എന്നിങ്ങനെയും സംഭാവന ചെയ്തു. രണ്ടാം ദിവസം വിൽ യങ് 60 റൺസും സംഭാവന ചെയ്തിരുന്നു. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥൽ മൂന്നും ബെൻ സ്റ്റോക്സും ഷുഹൈബ് ബഷീറും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപണർമാരായ സാക്ക് ക്രൗളിയെയും ബെൻ ഡക്കറ്റിനെയുമാണ് നഷ്ടമായത്. ക്രൗളി അഞ്ച് റൺസെടുത്തും ഡക്കറ്റ് നാല് റൺസുമെടുത്ത് പുറത്തായി. ന്യൂസിലാൻഡ് നിരയിൽ ടിം സൗത്തിയും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പരവിജയം സ്വന്തമാക്കിയിരുന്നു.