ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിന്‍റെയും വീരോചിത ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്‍റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്.
ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.എന്നാല്‍ ഇന്ത്യൻ മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ചെറുത്തുനിന്ന ബുമ്രയും ആകാശ്‌ദീപും ചേര്‍ന്ന് ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കി. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്.
31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുില്‍പ്പിനൊപ്പം 84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ പ്രകടനവും ഇന്ത്യയുടെ ചെറുത്തുനില്‍പ്പില്‍ നിര്‍ണായകമായി.നാലാം ദിനം ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു.
ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്‍റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണപ്പോള്‍ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല.
സ്ലിപ്പില്‍ ഓസീസിന്‍റെ ഏറ്റവും വിശ്വസ്തനായ സ്മിത്ത് അത്രയും അനായാസമായൊരു ക്യാച്ച് കൈവിടുമെന്ന്. ആ സമയം രാഹുല്‍ വീണിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ 100 പോലും കടക്കുമായിരുന്നില്ല.