ശ്രീഹരിക്കോട്ട: ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗന്‍യാന്‍-1) വിക്ഷേപണ വാഹനത്തിന്‍റെ നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലാണ് എച്ച്എല്‍വിഎം3 (HLVM3) റോക്കറ്റിന്‍റെ നിർമാണം. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 8.45ന് റോക്കറ്റിന്‍റെ നിര്‍മാണം തുടങ്ങി.

ഇസ്രൊയുടെ എറ്റവും കരുത്തനായ എല്‍വിഎം 3 റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണത്തിന്‍റെ പത്താം വാർഷികത്തിലാണ് അടുത്ത സുപ്രധാന ദൗത്യത്തിനായുള്ള റോക്കറ്റ് നിർമ്മാണം തുടങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ബഹിരാകാശ രംഗത്ത് രാജ്യത്തിന്‍റെ അഭിമാന പദ്ധതികളിലൊന്നായ ഗഗൻയാൻ ദൗത്യത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗഗന്‍യാന്‍റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം 2025 ആദ്യപകുതിയിൽ നടക്കും. വിക്ഷേപണ വാഹനത്തിന്‍റെ നിർമാണത്തിന് ഇന്ന് തുടക്കമായി. കെയര്‍ ദൗത്യത്തിന്‍റെ പത്താം വാർഷികത്തിലാണ് ഗഗന്‍യാന്‍ റോക്കറ്റിന്‍റെ നിർണായക ജോലികൾ തുടങ്ങുന്നത്.

2018 ഡിസംബർ 18നായിരുന്നു എൽവിഎം 3 റോക്കറ്റിന്‍റെ ആദ്യ ദൗത്യം നടന്നത്. യാത്രാ പേടകത്തിന്‍റെ മാതൃകയാണ് അന്ന് വിക്ഷേപിച്ചത്. കടലിൽ ഇറക്കിയ പേടകത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു. അന്ന് പഠിച്ച പാഠങ്ങൾ ഇസ്രൊയെ സംബന്ധിച്ച് ഗഗൻയാൻ ദൗത്യത്തിൽ നിർണായകമാണ്.

ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ ഐഎസ്ആര്‍ഒ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ​ദൗത്യത്തിന്‍റെ പ്രാഥമിക ലക്ഷ്യം”ഇതിന് മുന്നോടിയായി അടുത്ത വ‌ർഷം ആദ്യപാദത്തിൽ ഗഗന്‍യാന്‍-1 ആളില്ലാ ദൗത്യത്തിന്‍റെ വിക്ഷേപണം നടത്തുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.

ഗ​ഗൻയാൻ ദൗത്യത്തിനായി ​ഹ്യൂമൻ റേറ്റഡ് എൽവിഎം ത്രീ വിക്ഷേപണ വാഹനമാണ് ഇസ്രൊ നിര്‍മിക്കുന്നത്. ഖര ഇന്ധനമുപയോ​ഗിക്കുന്ന എസ്200 മോട്ടോറുകളിലാണ് റോക്കറ്റ് നിർമാണത്തിന്‍റെ തുടക്കം. ദൗത്യത്തിനായുള്ള ക്രൂ മൊഡ്യൂൾ തിരുവനന്തപുരം വിഎസ്എസ്‍സിയിൽ അവസാനവട്ട മിനുക്കുപണികളിലാണ്. സ‌ർവ്വീസ് മൊഡ്യൂൾ ബെം​ഗളൂരു യുആ‌ർ റാവു സ്പേസ് സെന്‍ററിലാണ് തയ്യാറാക്കുന്നത്.

ഗഗന്‍യാന്‍-ജി1 എന്ന് പേരിട്ടിരിക്കുന്ന ആദ്യ ആളില്ലാ ദൗത്യത്തിന്‍റെ വിക്ഷേപണം എത്രയും”വേ​ഗം നടത്തുകയാണ് ലക്ഷ്യം. ഇത്തരത്തിൽ മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ക്ക് ശേഷമാകും ബഹിരാകാശത്തേക്ക് ഇന്ത്യയുടെ ആദ്യ മനുഷ്യ യാത്രാ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *