ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ഇന്നിങ്സിൽ ഓസീസ് വിക്കറ്റുകൾ ഇടതടവില്ലാതെ വീണപ്പോൾ അപ്രതീക്ഷിത ത്രില്ലറാണ് ആരാധകർക്കായി ഒരുങ്ങിയത്. മൂന്നാം ദിനം ഇന്ത്യയെ ഓൾ ഔട്ടാക്കിയതിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നു വീണത്.
ഇന്ത്യൻ പേസർമാരായ ബുംമ്രയും സിറാജും ആകാശ് ദീപും സന്ദർഭത്തിനൊന്നുയർന്നപ്പോൾ ഓസീസിന്റെ മുൻനിര വേഗം തന്നെ കൂടാരം കയറി.ഓസീസിന്റെ വീണ വിക്കറ്റുകളിൽ പ്രധാനവും കൗതുകകരവുമായ വിക്കറ്റുകളിലൊന്ന് ഓസീസിന്റെ ഏറ്റവും മികച്ച ബാറ്ററും ഫോമിലുള്ള താരവുമായ ട്രാവിസ് ഹെഡിന്റെ വിക്കറ്റായിരുന്നു. സിറാജിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഹെഡ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
നേരത്തെ കഴിഞ്ഞ മത്സരത്തിലടക്കം സിറാജ്- ഹെഡ് വാക് പോരാട്ടമുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിക്കറ്റെടുത്തതിനു ശേഷം വലിയ ആവേശമൊന്നും പ്രകടിപ്പിക്കാത്ത ഒരു സിറാജിനെയാണ് ഗ്രൗണ്ടിൽ കണ്ടത്. എന്നാൽ കാണികൾക്കിടയിലെ ഒരു കുട്ടി ഇന്ത്യൻ ആരാധകൻ ആ വിക്കറ്റ് ശരിക്കുമങ്ങ് ആഘോഷിച്ചു. ആ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
നേരത്തെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടി സ്വീകരിച്ചിരുന്നു. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്.
സിറാജിനും ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ താരമായിരുന്നു ട്രാവിസ് ഹെഡ്. ഇന്ത്യന്‍ പേസര്‍ സിറാജിന്റെ പന്തില്‍ ഹെഡ് ക്ലീന്‍ ബൗള്‍ഡായതോടെയാണ് വാക്കേറ്റം ആരംഭിച്ചത്.
141 പന്തിൽ 140 റൺസ് നേടിയ ട്രാവിസ് ഹെഡിനെ കിടിലൻ ഇൻസ്വിങ് യോർക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു. ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ മുഹമ്മദ് സിറാജ് കൈചൂണ്ടി കാണിക്കുകയും ചെയ്തു.
മറുപടിയായി വാക്കുകൾ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രംഗം കൊഴുക്കുകയായിരുന്നു. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു