ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ അവഹേളിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരയ്ക്ക് മുന്നെ കിങ്ങെന്ന് വിശേഷിപ്പിച്ച ഓസീസ് മാധ്യമങ്ങള്‍ കോണ്‍സ്റ്റാസുമായുണ്ടായ വഴക്കിന് പിന്നാലെ കോഹ്ലിയെ ‘കോമാളി’ എന്ന് വിളിച്ചാണ് മാധ്യമങ്ങള്‍ അധിക്ഷേപിച്ചത്.
പ്രമുഖ ഓസീസ് പത്രമായ ‘ദി വെസ്റ്റ് ഓസ്ട്രേലിയനാ’ണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ‘കോമാളി കോഹ്ലി’ എന്ന് വിശേഷിപ്പിച്ചത്. ഒരു കൊച്ചുകുട്ടിയുടെ കരച്ചിലിനോടാണ് വിരാട് കോഹ്ലിയുടെ പ്രവൃത്തിയെ ഈ പത്രം ഉപമിച്ചിരിക്കുന്നത്. കരയുന്ന കുട്ടി അഥവാ ഭീരു എന്ന അര്‍ത്ഥം വരുന്ന ഇന്ത്യന്‍ സൂക്ക്, ടെസ്റ്റില്‍ അരങ്ങേറുന്ന ഒരു കൗമാരതാരവുമായി ഏറ്റുമുട്ടിയെന്നാണ് പറയുന്നത്.
വിരാട് കോഹ്ലിയെ അധിക്ഷേപിച്ച പത്രവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുമുണ്ട്. അരങ്ങേറ്റക്കാരനായ കോണ്‍സ്റ്റാസ് വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അത് ഉള്ളടക്കത്തില്‍ പ്രസിദ്ധീകരിക്കാതെ കോഹ്ലിയെ കളിയാക്കികൊണ്ട് റിപ്പോര്‍ട്ട് ചെയ്തതിനെതിരെയാണ് പലരും രംഗത്ത് വന്നിരിക്കുന്നത്മെൽബൺ ടെസ്റ്റിന്റെ ഒന്നാംദിനം പത്താം ഓവറിലാണ് വിരാട് കോഹ്ലിയും സാം കോൺസ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്.
വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.
അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു. അനാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവരടക്കമുള്ള മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.