ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20യിൽ ന്യൂസിലാൻഡിന് എട്ട് റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി പറഞ്ഞ ശ്രീലങ്കയ്ക്ക് 20 ഓവറും പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിലെത്താനെ സാധിച്ചുള്ളു.നേരത്തെ ടോസ് നേടിയ ശ്രീലങ്ക ന്യൂസിലാൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമാക്കിയ കിവീസ് സംഘം ഒരു ഘട്ടത്തിൽ അഞ്ചിന് 65 എന്ന് തകർന്നു. ആറാം വിക്കറ്റിൽ ഡാരൽ മിച്ചലും മൈക്കൽ ബ്രേസ്‍വെല്ലും ചേർന്ന കൂട്ടുകെട്ടാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.42 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം ഡാരൽ മിച്ചൽ 62 റൺസെടുത്തു.

33 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം ബ്രേസ്‍വെൽ 59 റൺസും നേടി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 105 റൺസാണ് പിറന്നത്. ശ്രീലങ്കയ്ക്കായി ബിനുര ഫെർണാണ്ടോ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.മറുപടി പറഞ്ഞ ശ്രീലങ്കയ്ക്കായി ഓപണർമാരായ പതും നിസങ്കയും കുശൽ മെൻഡിസും മികച്ച തുടക്കം നൽകി.

60 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം നിസങ്ക 90 റൺസെടുത്തു. 36 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 46 റൺസാണ് മെൻഡിസിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം പോലും കടക്കാൻ സാധിക്കാതിരുന്നതാണ് ശ്രീലങ്കയുടെ തോൽവിക്ക് കാരണമായത്.

ന്യൂസിലാൻഡിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഹെൻ‍റി, സാക്കറി ഫോൾക്സ് എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 1-0ത്തിന് മുന്നിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *