മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിന്റെ (84) വിക്കറ്റിനെ ചൊല്ലി വിവാദം. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. ജയ്‌സ്വാള്‍ കൂടി മടങ്ങിയതോടെ ഇന്ത്യയുടെ ഔദ്യോഗിക ബാറ്റര്‍മാരെല്ലാം കൂടാരം കയറിയിരുന്നു. മെല്‍ബണില്‍ നിന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 145 എന്ന നിലയിലാണ് ഇന്ത്യ.
വാഷിംഗ്ടണ്‍ സുന്ദര്‍ (5), ആകാശ് ദീപ് (7) എന്നിവരാണ് ക്രീസില്‍.ഇന്ത്യയുടെ സ്‌കോര്‍ 140ല്‍ നില്‍ക്കെയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചിരുന്നില്ല. പിന്നാലെ ഓസീസ് റിവ്യൂ എടുത്തു. എന്നാല്‍ റിവ്യൂയില്‍ സ്‌നിക്കോയില്‍ ഒന്നുമ്മുള്ളതായി കണ്ടിരുന്നില്ല. പക്ഷേ പന്ത് ഒരുപാടി വ്യതിചലിക്കുകയും ചെയ്തു. ബാറ്റിലുരസി വ്യതിചലിച്ചതാണെന്ന് നിഗമനം. തേര്‍ഡ് അംപയര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു. ജയ്‌സ്വാളിന് മടക്കം.
ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറോട് സംസാരിച്ചാണ് ജയ്‌സ്വാള്‍ തിരിച്ചുനടക്കുന്നത്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.അതേസമയം, മെല്‍ബണില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ് ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 154 എന്ന നിലയിലാണ് ഇന്ത്യ. വാഷിംഗ്ടണ്‍ സുന്ദര്‍ (5), ജസ്പ്രിത് ബുമ്ര (5) എന്നിവരാണ് ക്രീസില്‍.
ചായയ്ക്ക് ശേഷം റിഷഭ് പന്തിന്റെ (30) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതുവരെ നന്നായി കളിച്ചുന്ന പന്ത് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി. ക്രീസ് വിട്ടിറങ്ങി കളിച്ച പന്ത്. മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്ക് 14 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്.
ആദ്യ പന്തിലെ സെഞ്ചുറിക്കാരന്‍ നിതീഷ് റെഡ്ഡി ഒരു റണ്ണുമായി മടങ്ങി. ലിയോണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു.ആദ്യ സെഷനില്‍ രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റണ്‍സെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റന്‍ തേര്‍ഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു.
അതേ ഓവറിലെ അവസാന പന്തില്‍ കെ എല്‍ രാഹുലും (0) മടങ്ങി. റണ്‍സെടുക്കും മുമ്പ് രാഹുലിനെ കമ്മിന്‍സ് ഫസ്റ്റ് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകളിലെത്തിച്ചു. കോലിക്ക് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്. 29 പന്തുകള്‍ നേരിട്ട താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് ഫസ്റ്റ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലേക്കയച്ചു. രണ്ടാം സെഷനില്‍ വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. പന്ത്-ജയ്‌സ്വാള്‍ സഖ്യം 88 റണ്‍സ് ചേര്‍ക്കുകയും ചെയ്തു.