ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ അവസാന മല്‍സരം ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ അവസാന ടെസ്റ്റ് മല്‍സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ വിരമിക്കുകയാണെന്ന വിവരം രോഹിത് ബിസിസിഐയെ അറിയിച്ചുവെന്നും അനുനയ ശ്രമങ്ങള്‍ക്ക് താരം വഴങ്ങിയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സമ്മര്‍ദത്തിലും അസ്വസ്ഥനുമായാണ് രോഹിതിനെ കണ്ടത്.

സ്വന്തം പ്രകടനം മോശമാകുന്നതിനൊപ്പം ടീമിന്‍റെ പ്രകടനവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതോടെയാണ് താരം വിരമിക്കല്‍തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

‘ഇന്നെവിടെയാണോ എന്‍റെ പ്രകടനം അതാണ് എന്‍റെ അവസ്ഥ. മുന്‍പ് എന്തായിരുന്നുവെന്നതില്‍ കാര്യമില്ല. കുറച്ച് മല്‍സരങ്ങളില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ക്യാപ്റ്റനെന്ന നിലയില്‍ അത് കടുത്ത നിരാശ ഉളവാക്കുന്നതാണ്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. ഒന്നും ശരിയായില്ല.

മാനസികമായും ഇത് കടുത്ത അസ്വസ്ഥതയുടെ സമയമാണ്. നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ വിജയകരമായി നടത്തിയെടുക്കാന്‍ കഴിയുന്നത് പോലെയല്ല, കാര്യങ്ങള്‍ കൈവിട്ട് പോകുന്നത്. നിരാശ മാത്രമാണ്. അതാണ് സത്യം എന്നായിരുന്നു രോഹിതിന്‍റെപ്രതികരണം.മൂന്ന് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 31 റണ്‍സ് മാത്രമാണ് രോഹിതിന്‍റെ സമ്പാദ്യം.

ബുംറ പിഴുത വിക്കറ്റുകളെക്കാള്‍ ഒന്ന് മാത്രം കൂടുതല്‍. രോഹിതിന് ഒന്നും ചിന്തിക്കാനോ ഫലപ്രദമായി ഫീല്‍ഡില്‍ പെരുമാറാനോ കഴിയുന്നില്ലെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

സ്വയം വിരമിക്കാന്‍ രോഹിത് തയ്യാറായില്ലെങ്കില്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുമെന്നുവരെ അഭ്യൂഹങ്ങള്‍ പുറത്തുവന്നു. രോഹിത് ക്യാപ്റ്റനായത് കൊണ്ടുമാത്രമാണ് ഇന്നും പ്ലേയിങ് ഇലവനില്‍ഉള്ളതെന്നും മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ പണ്ടേ പുറത്തായേനെ എന്നും മുന്‍ താരമായ ഇര്‍ഫാന്‍ പഠാനും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *