കോട്ടയം: ഗിന്നസ് റെക്കോര്‍ഡിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഗിന്നസ് പക്രു. ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പക്രു പറഞ്ഞു.ഗിന്നസ് റെക്കോര്‍ഡിനായി പണം കൊടുത്ത് പലരും ചതിയില്‍പെടാറുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പലര്‍ക്കും ലഭിക്കാറുള്ളത്. ഗിന്നസ് റെക്കോര്‍ഡ് നേടിയാല്‍ സാമ്പത്തിക ലാഭമുണ്ടാക്കാം എന്നാണ് പലരുടെയും വിചാരം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സാമ്പത്തിക ലാഭവും ലഭിക്കില്ല.

റേക്കോര്‍ഡുകള്‍ ഒരു ക്രെഡിറ്റ് മാത്രമാണ്. ഒരു സര്‍ട്ടിഫിക്കറ്റായി കയ്യില്‍ വെക്കാം എന്ന് മാത്രം. ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്ര എളുപ്പമല്ലെന്നും പക്രു പറഞ്ഞു.ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. സുരക്ഷാവീഴ്ച സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഗിന്നസ് പക്രു കൂട്ടിച്ചേര്‍ത്തു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്കേറ്റിരുന്നു. പതിനൊന്നടി ഉയരത്തില്‍ നിന്ന് വീണ് എംഎല്‍എയ്ക്ക് പരിക്കേറ്റതിന് കാരണം സുരക്ഷാവീഴ്ചയാണെന്നാണ് ആരോപണങ്ങള്‍. ഗിന്നസ് റെക്കോര്‍ഡ് നല്‍കാം എന്ന വാഗ്ദാനത്തില്‍ 12000 നര്‍ത്തകര്‍ പങ്കെടുത്ത നൃത്തപരിപാടിയാണ് വിവാദമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *