ഡ്രസിങ് റൂമിലെ ചർച്ചകൾ വ്യക്തിപരമോ ടീമിന്റെ ഭാഗമായോ നടക്കുന്നതാണെന്നും അത് അതിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്നും ഗൗതം ഗംഭീർ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് ഗംഭീർ ഡ്രസ്സിങ് റൂം വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചത്.
അതേ സമയം ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഗംഭീർ നിരാകരിക്കുകയും അവ ‘വെറും റിപ്പോർട്ടുകൾ മാത്രമാണ്, സത്യമല്ല’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
‘കോച്ചും കളിക്കാരും തമ്മിലുള്ള സംസാരങ്ങൾ ഡ്രസ്സിംഗ് റൂമിൽ തുടരണം. ചില സമയത്ത് വാക്കുകൾ കടുപ്പിക്കേണ്ടി വരും, എല്ലാ സമയത്തും പൂർണ്ണ ചില്ലയി സംസാരിക്കാൻ കഴിയണമെന്നില്ല, ഗംഭീർ പറഞ്ഞു.
അതേ സമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ പേസർ ആകാശ് ദീപിന് നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരം നഷ്‌ടമാകുമെന്ന് ഗംഭീർ സ്ഥിരീകരിച്ചു, പക്ഷേ പകരക്കാരൻ ആരെന്ന കാര്യത്തിൽ ഗംഭീർ വ്യക്തത വരുത്തിയില്ല.അതേ സമയം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം.
നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ രോഹിത് അടക്കമുള്ള മോശം ഫോമിൽ തുടരുന്ന താരങ്ങൾക്കെതിരെയാണ് വിമർശനം എന്നുറപ്പാണ്.
ഡ്രസിങ് റൂമിലെ സംഭവം പുറം ലോകത്തെത്തിയതോടെ പല രീതിയിലുള്ള ചർച്ചകൾക്കും ഇത് വഴിമരുന്നിട്ടിരിക്കുകയാണ്.ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചതും സെലക്ഷൻ കമ്മറ്റി ആ ആവശ്യം തള്ളിയതും ഇത് പോലെ വാർത്തയായിട്ടുണ്ട്.
സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതിനെ തുടർന്ന് ഗംഭീർ അതൃപ്‍തി പ്രകടിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.