ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർന്നടിയുന്നു. 60 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 40 റൺസ് നേടി.

നേരത്തെ അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെ നഷ്ടമായപ്പോൾ എട്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു. മെൽബണിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയ്‌സ്വാൾ. ശേഷം കോഹ്‌ലിയും ഗില്ലും ചേർന്ന് ചെറിയ താളം കണ്ടെത്തിയെങ്കിലും പിന്നീട് ഇരുവരും പുറത്തായി. ഗിൽ 64 പന്തിൽ 20 റൺസെടുത്ത് പുറത്തായപ്പോൾ 69 പന്തിൽ 17 റൺസായിരുന്നു വിരാടിന്റെ സമ്പാദ്യം.

ശേഷം പന്തും ജഡേജയും ചേർന്ന് സ്കോർ മെല്ലെ ചലിപ്പിക്കുന്നതിനിടെയാണ് പന്തിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. പന്തിന്റെ വിക്കറ്റിന് പിന്നാലെ തൊട്ടടുത്ത പന്തിൽ നിതീഷ് കുമാറും മടങ്ങി. നിലവിൽ 16 റൺസെടുത്ത ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിൽ.ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്.

നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *