ഓസ്‌ട്രേലിയന്‍ ഓപണറും യുവതാരവുമായ സാം കോണ്‍സ്റ്റാസുമായി വീണ്ടും കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും ജസ്പ്രിത് ബുംമ്രയെയും പലപ്പോഴായി കോൺസ്റ്റാസ് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് പകരമായി തിരിച്ചും ഓസീസ് താരത്തെ ജയ്‌സ്വാള്‍ പ്രകോപിപ്പിക്കുകയായിരുന്നു.

സിഡ്‍നിയിലെ രണ്ടാം ദിനം സാം കോണ്‍സ്റ്റാസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത്. ബാറ്റിങ്ങില്‍ താളം കണ്ടെത്താനാകാതെ നിൽക്കുകയായിരുന്നു ഓസീസ് താരം. അപ്പോൾ ‘ഹേയ് കോണ്‍സ്റ്റാസ്, എന്തുപറ്റി? നിനക്കിപ്പോള്‍ ബോള്‍ കാണാനില്ലേ? നിന്റെ ഷോട്ടുകളൊന്നും കളിക്കാന്‍ പറ്റുന്നില്ലേ?’

എന്ന് ജയ്‌സ്വാള്‍ താരത്തോട്ചോദിക്കുകയായിരുന്നു. ജയ്സ്വാൾ ഹിന്ദിയിൽ ഉറക്കെ പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.അതേസമയം 38 പന്തില്‍ നിന്ന് 23 റണ്‍സെടുത്താണ് കോണ്‍സ്റ്റാസ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ജയ്‌സ്വാളിന് തന്നെ ക്യാച്ച് നല്‍കിയായിരുന്നു കോണ്‍സ്റ്റാസിന്റെ മടക്കം.

വിക്കറ്റിന് പിന്നാലെ ജയ്‌സ്വാള്‍ വലിയ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു.ഇതാദ്യമായല്ല കോൺസ്റ്റാസും ജയ്സ്വാളും തമ്മില‍ കളിക്കളത്തിനുള്ളിൽ വാക്കേറ്റമുണ്ടാകുന്നത്. മെൽബൺ ടെസ്റ്റിൽ ജയ്സ്വാൾ ബാറ്റ് ചെയ്യുന്നതിനിടെ കോൺസ്റ്റാസ് തുടർച്ചയായി സ്ലെഡ്ജ് ചെയ്തിരുന്നു.

രോഷാകുലനായ ജയ്സ്വാൾ ‘നീ നിന്റെ പണി നോക്ക്’ എന്ന് ഓസീസ് താരത്തിന് താക്കീത് നല്‍കുകയും ചെയ്തു. ജയ്സ്വാളിനെ പ്രകോപിപ്പിച്ചുകൊണ്ട് സാം പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സാമിന്റെ സഹതാരങ്ങള്‍ സ്ലെഡ്ജിങ് നിരുല്‍സാഹപ്പെടുത്തിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *